യാത്രകൾ ഒരു പാട് ഇഷ്ടമുള്ള ആളായിരുന്നു അവൾ . ചിന്തകളിൽ മതി മറന്നു ഏകാന്തമായ ലോകത്തേക്ക് പറക്കാൻ അത് അവളെ സഹായിച്ചിരുന്നു. പഴയ കാല സ്മരണകളും, ദിവാസ്വപ്നങ്ങളും ഇട കലർന്ന് വരുന്ന ആരും ശല്യം ചെയ്യാൻ ഇല്ലാത്ത കുറച്ചു സമയം. അത് കൊണ്ട് തന്നെ ഒറ്റയ്ക്കുള്ള യാത്രകളായിരുന്നു അവൾക്കു പ്രിയം. പുതിയ സ്ഥലങ്ങളും, പുതിയ മിത്രങ്ങളും , അവരുടെ ജീവിത രീതികളും ഒക്കെ അറിയാൻ കിട്ടുന്ന ഒരവസരം. ചില സ്ഥലങ്ങളോടും ആൾക്കരോടും ചിലപ്പോൾ ഒരു പ്രത്യേക മാനസിക അടുപ്പം തോന്നാറുണ്ട്. കഴിഞ്ഞ ജന്മത്തിൽ കണ്ടു മറന്ന പോലെ ഒരു തോന്നൽ. ഓരോ യാത്ര കഴിഞ്ഞു മടങ്ങുമ്പോഴും ഒരു നവോന്മേഷം അനുഭവപ്പെടാറുണ്ടായിരുന്നു.
യാത്രകളെ അവളുടെ ജീവിതത്തിൽ ഒരു അനിവാര്യ ഖടകം ആകാൻ കാരണം അവളുടെ പിതാവായിരുന്നു. യാത്രകളിൽ അവൾക്കു ഏറ്റവും ഇഷ്ടം കുട്ടിക്കാലത്തെ യാത്രകൾ ആയിരുന്നു. രണ്ടു വർഷത്തിൽ ഒരിക്കൽ എല്ലാവരും കൂടിയുള്ള ഒരു യാത്ര. യാത്ര പോകുന്നതിനു വളരെക്കാലം മുൻപേ സ്ഥലം തീരുമാനിക്കപ്പെടും. പിന്നെ ആ സ്ഥലത്തിനെ കുറിച്ചുള്ള ഗവേഷണം ആണ്. ആ സ്ഥലത്തെ കുറിച്ചുള്ള എല്ലാ പുസ്തകങ്ങളും ശേഘരിച്ചു വയ്ക്കും. എവിടെ പോകണം, എന്ത് കാണണം എന്ന് തുടങ്ങി പോകുന്നതിനു മുൻപ് തന്നെ ആ പ്രദേശത്തിന്റെ ഒരു ഏകദേശ ധാരണ ഉണ്ടാക്കും. ചിലപ്പോൾ ജീവിതത്തിൽ ഒരിക്കൽ മാത്രം സന്ദർശിക്കാൻ ഇടയുള്ള സ്ഥലങ്ങൾ ആയതു കൊണ്ട്, പോകുമ്പോൾ പരമാവധി ആസ്വദിക്കുക എന്നുള്ളതാണ് നിയമം. ഇന്നത്തെ തിരക്ക് പിടിച്ചുള്ള യാത്രകൾ പോകുമ്പോൾ ഒരിക്കലെങ്കിലും പഴയതു പോലെ ആ സ്ഥലത്തെ അടുത്തറിഞ്ഞു പോകണം എന്ന് ആഗ്രഹിക്കാറുണ്ട്. ഇന്നത്തെ യാത്രകളിൽ സ്ഥലം കാണുന്നുണ്ടെങ്കിലും ആ സ്ഥലത്തിൻറെ ആത്മാവിനെ തൊട്ടറിയാതെ തിരിച്ചു വരുന്നതായി തോന്നാറുണ്ട്.
കുട്ടിക്കാലത്തെ യാത്രകളിൽ ഓർമയിൽ തങ്ങി നില്ക്കുന്നത് മുതശന്റെ നാടായ കുട്ടനാടിലെക്കുള്ളതാണ്. ആദ്യമായി അവിടെ അച്ഛന്റെ കൂടെ പോയത് ഒരിക്കലും മറക്കാൻ പറ്റില്ല. പ്രകൃതി രമണീയമായ പുരോഗമനം കടന്നു ചെന്നിട്ടില്ലാത്ത സ്ഥലം. റോഡ് ഒന്നും വന്നിട്ടില്ലാത്തതിനാൽ ഭയത്തോടെ അച്ഛന്റെ കൈ പിടിച്ചു ആദ്യമായി ഒരു ചെറു വള്ളത്തിൽ കയറിയതും, ബന്ധു വീടുകളിലേക്ക് കടക്കാൻ തെങ്ങിൻ പാലം മുറിച്ചു കടന്നതും, കുടുംബ ക്ഷേത്രം ആദ്യമായി സന്ദർശിച്ചതും, എട്ടു കെട്ടിന്റെ ഭംഗി ആദ്യമായി ആസ്വദിച്ചതും എല്ലാം ഇന്നലെ പോലെ മനസ്സിൽ തെളിഞ്ഞു വരും ഇപ്പോഴും. ചില സ്ഥലങ്ങൾ അങ്ങിനെ ആണ്. ഒരിക്കൽ മാത്രം കണ്ടതാനെങ്ങിലും ഒരിക്കലും മറക്കാൻ പറ്റില്ല. ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങൾ സഞ്ചരിച്ഛെങ്കിലും ഇത് പോലെ മനസ്സിൽ തങ്ങി നില്ക്കുന്ന യാത്രകൾ വളരെ കുറവാണ്.